Rosary Malayalam



അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ! അങ്ങ് സഹായം ചെയ്യണമേ!
വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.

ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നും പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത്‌ പീഡകൾ സഹിച്ചു കുരിശിൽ തറയ്ക്കപ്പട്ടു മരിച്ചു അടക്കപ്പെട്ടു, പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.

പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ

1 സ്വർഗ്ഗ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ.

അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമെ. ഞങ്ങളോട് തെറ്റ് ചെയുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉൾപെടുത്തരുതേ. തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍.


പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ.
1 നന്മ

നന്മനിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി. കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍..

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട്   അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ.
1 നന്മ

നന്മനിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി. കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍..

പരിശുദ്ധാത്മാവിന്റെ  സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവഭക്തിയെന്ന  പുണ്യമുണ്ടായി വർദ്ധിപ്പനായിട്ട്  അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ
1 നന്മ

നന്മനിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി. കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍..

1 ത്രിത്വ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ.

സന്തോഷകരമായ ദൈവരഹസ്യങ്ങൾ   (തിങ്കൾ, ശനി, ദിവസങ്ങളിൽ)

  1. ഒന്നാം ദൈവരഹസ്യം പരി.കന്യകാമറിയം ദൈവപുത്രനെ ഗര്‍ഭംധരിച്ച് പ്രവസിക്കുമെന്ന മംഗലവാര്‍ത്ത ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിച്ചതിന്മേല്‍ നമുക്കു ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  2. രണ്ടാം ദൈവരഹസ്യം പരിശുദ്ധ ദൈവമാതാവ് തന്റെ ഇളയമ്മയായ ഏലീശ്വാ ഗര്‍ഭിണിയായ വാര്‍ത്ത കേട്ടപ്പോള്‍, അവരെ സന്ദര്‍ശിച്ച് മൂന്നുമാസം അവള്‍ക്കു ശുശ്രൂഷ ചെയ്തതിനെ നമുക്ക് ധ്യാനിക്കാം.‍
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  3. മൂന്നാം ദൈവരഹസ്യം പരി.ദൈവമാതാവ് തന്റെ ദിവ്യകുമാരനെ ബെത്‌ലഹേം നഗരത്തില്‍, പാതിരാക്കു പ്രസവിച്ച്; ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തിയതിനെ നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  4. നാലാം ദൈവരഹസ്യം പരി.ദൈവമാതാവ് ഉണ്ണീശോയെ ദേവാലയത്തില്‍ വച്ച് ശിമയോന്റെ കരങ്ങളാല്‍ ദൈവത്തിനു സമര്‍പ്പിച്ചതിനെ നമുക്കു ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

  5. അഞ്ചാം ദൈവരഹസ്യം പരി.ദൈവമാതാവ്, തന്റെ ദിവ്യകുമാരനെ പന്ത്രണ്ടു വയസില്‍ കാണാതായിട്ട് മൂന്നാംദിവസം ദേവാലയത്തില്‍ കണ്ടെത്തിയതിനെ നമുക്കു ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

ദുഖകരമായ ദൈവരഹസ്യങ്ങൾ   (ചൊവ്വാ, വെള്ളി ദിവസങ്ങളിൽ )

  1. ഒന്നാം ദൈവരഹസ്യം ഈശോ പുങ്കാവനത്തില്‍ വച്ച് രക്തം വിയര്‍ത്തതിനെ നമുക്ക് ധ്യാനിക്കാം
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  2. രണ്ടാം ദൈവരഹസ്യം ഈശോയെ പീലാത്തോസിന്റെ വീട്ടില്‍വച്ചു കല്‍ത്തൂണില്‍ കെട്ടി ചമ്മട്ടികൊണ്ടടിച്ചതിനെപ്പറ്റി നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  3. മൂന്നാം ദൈവരഹസ്യം മിശിഹാ പാപങ്ങള്‍ക്കുവേണ്ടി ശിരസില്‍ മുള്‍ക്കിരീടം ധരിക്കേണ്ടി വന്നപ്പോള്‍ സഹിക്കേണ്ടിവന്ന കഠിന പീഡകളെപ്പറ്റി നമുക്കു ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  4. നാലാം ദൈവരഹസ്യം ഈശോ മരണത്തിനു വിധിക്കപ്പെട്ട് ഭാരമേറിയ സ്ലീവാ ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് പോയതിനെ നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

  5. അഞ്ചാം ദൈവരഹസ്യം ഈശോ കുരിശില്‍ കിടന്ന് ദീര്‍ഘവും ദുസ്സഹവുമായ വേദന അനുഭവിക്കുകയും ശത്രുക്കളോടു ക്ഷമിക്കുകയും പശ്ചാത്തപിച്ച കള്ളന് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനെ നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങൾ   (ബുധൻ, ഞായർ ദിവസങ്ങളിൽ)

  1. ഒന്നാം ദൈവരഹസ്യം ഈശോ പീഡകള്‍ സഹിച്ച് 'മരിച്ചു' മൂന്നാംദിവസം എന്നേക്കും ജീവിക്കുന്നവനായി ഉയിര്‍ത്തെഴുന്നേറ്റതിനെ നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  2. രണ്ടാം ദൈവരഹസ്യം ഈശോ ഉയിര്‍ത്തെഴുന്നേറ്റ് 40-ാം ദിവസം മഹത്വപൂര്‍ണ്ണനായി സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെ നമുക്ക് ധ്യാനിക്കാം
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  3. മൂന്നാം ദൈവരഹസ്യം ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്റെ പത്താം ദിവസം സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന പരി.അമ്മയുടെയും ശിഷ്യന്മാരുടെയും മേല്‍ പരിശുദ്ധാത്മാവിനെ അയച്ചതിനെ നമുക്കു ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  4. നാലാം ദൈവരഹസ്യം പരി.ദൈവമാതാവ് അങ്ങേ തിരുക്കുമാരന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഇഹലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടതിനെ നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

  5. അഞ്ചാം ദൈവരഹസ്യം പരി.ദൈവമാതാവ്, സ്വര്‍ഗ്ഗത്തില്‍ എത്തിയ ഉടനെ അങ്ങേ തിരുക്കുമാരന്‍ അമ്മയെ ത്രിലോകരാജ്ഞിയായി മുടി ധരിപ്പിച്ചതിനെ നമുക്കു ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍   (വ്യാഴാഴ്ച ദിവസം)

  1. ഒന്നാം ദൈവരഹസ്യം നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തേമേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  2. രണ്ടാം ദൈവരഹസ്യം നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണവിരുന്നില്‍ വച്ച് തന്റെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  3. മൂന്നാം ദൈവരഹസ്യം നമ്മുടെ കർത്താവായ ഈശോമിശിഹാ ''ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ'' എന്ന് ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]
  4. നാലാം ദൈവരഹസ്യം നമ്മുടെ കർത്താവായ ഈശോമിശിഹാ താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ രൂപാന്തരപ്പെട്ടതിനെയും ''ഇവൻ എന്റെ പ്രിയപുത്രനാകുന്നു ഇവനെ നിങ്ങൾ ശ്രവിക്കുവിൻ'' എന്ന സ്വർഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

  5. അഞ്ചാം ദൈവരഹസ്യം നമ്മുടെ കർത്താവായ ഈശോമിശിഹാ അന്ത്യ അത്താഴവേളയിൽ നമ്മോടുള്ള സ്‌നേഹത്തിന്റെ ഉടമ്പടിയായി തന്റെ തിരുശരീരരക്തങ്ങൾ പങ്കുവച്ചു നൽകുന്ന പരിശുദ്ധ കുർബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
    [1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.]

ജപമാല സമർപ്പണജപം

മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ!  വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ!  വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെപ്പാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ

കർത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! അനുഗ്രഹിക്കണമേ,
കർത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
ഏക സ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവകുമാരന്റെ പുണ്യജനനി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കന്യകകൾക്കു മകുടമായ നിർമ്മല കന്യകയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മിശിഹായുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവപ്രസാദത്തിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എത്രയും നിർമ്മലയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കന്യാത്വത്തിന് അന്തരം വരാത്ത മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്നേഹഗുണങ്ങളുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സദുപദേശത്തിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്രഷ്ടാവിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
രക്ഷിതാവിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വിവേകൈശ്വര്യമുള്ള കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
പ്രകാശപൂർണ്ണമായ സ്തുതിക്കു യോഗ്യമായിരിക്കുന്ന കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വല്ലഭമുള്ള കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കനിവുള്ള കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വിശ്വാസവതിയായിരിക്കുന്ന കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
നീതിയുടെ ദർപ്പണമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ബോധജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ഞങ്ങളുടെ തെളിവിന്റെ കാരണമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ആത്മജ്ഞാനപൂരിത പാത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ബഹുമാനത്തിന്റെ പാത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദാവീദിന്റെ കോട്ടയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
നിർമ്മലദന്തംകൊണ്ടുള്ള കോട്ടയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്വർണ്ണാലയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വാഗ്‌ദാനത്തിന്റെ പെട്ടകമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ആകാശമോക്ഷത്തിന്റെ വാതിലേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ഉഷഃകാലത്തിന്റെ നക്ഷത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
രോഗികളുടെ സ്വസ്ഥാനമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
പാപികളുടെ സങ്കേതമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വ്യാകുലന്മാരുടെ ആശ്വാസമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മാലാഖമാരുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ബാവാന്മാരുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദീർഘദർശികളുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ശ്ലീഹന്മാരുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വേദസാക്ഷികളുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
വന്ദനീയന്മാരുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കന്യകകളുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സകല പുണ്യവാന്മാരുടെയും രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അമലോത്ഭവയായിരിക്കുന്ന രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സ്വർഗ്ഗാരോപിതയായിരിക്കുന്ന രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
പരിശുദ്ധ ജപമാലയുടെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
സമാധാനത്തിന്റെ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കർമ്മലസഭയുടെ അലങ്കാരമായ രാജ്‌ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോ തമ്പുരാനേ,
കർത്താവേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോ തമ്പുരാനേ,
കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോ തമ്പുരാനേ,
കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്റെ  പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർവദിക്കപെട്ടവളുമായ അമ്മേ സകലയാപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സർവ്വേശ്വരന്റെ  പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
കർത്താവേ! പൂർണ്ണഹൃദയത്തോടെ സ്രാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത്‌ എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകലശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകൾ ഒക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച്  ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ. ആമ്മേൻ.
പരിശുദ്ധ രാജ്‌ഞി (രാജകന്യക)

പരിശുദ്ധ രാജ്‌ഞി, കരുണയുള്ള മാതാവേ സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയിൽ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരേണമേ.

പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായിരിക്കുന്ന സർവ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ  ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ പൂർവ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു  ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ.  ആമ്മേൻ.
എത്രയും ദയയുള്ള മാതാവ

എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തിൽ ഓടിവന്ന് അങ്ങേ സഹായം തേടി അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്ന് അങ്ങ് ഓർക്കണമേ, കന്യകളുടെ രാജ്‌ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വരുന്നു. നെടുവീർപ്പിട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.

മാർ യൗസേപ്പുപിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാർയൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ മാദ്ധ്യസ്ഥതയെ ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോടു അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

തിരുകുടുംബത്തിന്റെ എത്രയും വിവേകമുള്ള സംരക്ഷകനെ ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ! അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.

അങ്ങുന്ന് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസ്സഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ചു അങ്ങേ സഹായത്താൽ ബലം പ്രാപിച്ചു പുണ്യജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യ ഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരെയും എല്ലായ്‌പ്പോഴും കാത്തുകൊള്ളണമേ. ആമ്മേൻ.